Monday, August 24, 2015

പ്രാദേശിക തലത്തിൽ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി


ന്യൂഡൽഹി> ജനങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടിയും ജീവിതഭാരം വർധിപ്പിക്കുന്ന സർക്കാർ നയങ്ങൾ ഉടൻ തിരുത്തണമെന്ന് ആവശ്യപ്പെട്ടും രാജ്യമെമ്പാടും പ്രാദേശിക തലത്തിലുള്ള ജനകീയ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്താൻ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായി പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സെപ്തംബർ രണ്ടിന് നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ പൂർണവും സജീവവുമായ പങ്കാളിത്തം വഹിക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നവഉദാരനയങ്ങൾ കൂടുതൽ തീവ്രമായ തോതിൽ നടപ്പാക്കുന്നതിന്റെ ഫലമായി രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം അതിവേഗത്തിൽ തകർച്ചയിലേക്ക് നീങ്ങുന്നതിൽ കേന്ദ്രകമ്മിറ്റി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അവശ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചുയരുകയാണ്. സവാള വില കിലോഗ്രാമിന് 90 രൂപയായി. പൊതുവിതരണ സംവിധാനം നിർജ്ജീവമായതിനാൽ ജനങ്ങൾക്ക് തെല്ലുപോലും ആശ്വാസം ലഭിക്കുന്നില്ല. നിർമിതോൽപന്നവ്യവസായ മേഖലകളിലും സ്ഥിതി മോശമായി തുടരുന്നു. തൊഴിലില്ലായ്മ തടഞ്ഞുനിർത്താൻ കഴിയാത്ത നിലയിൽ പെരുകുന്നു. കാർഷികപ്രതിസന്ധിക്ക് ആഴമേറുകയും കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിക്കുകയുമാണ്. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കുന്നതിന്റെ ഫലമായി ഗ്രാമീണമേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നു.

കാർഷികപ്രതിസന്ധിക്കെതിരായും മോഡിസർക്കാരിന്റെ ജനവിരുദ്ധ, കോർപറേറ്റ് അനുകൂല, വർഗീയ നയങ്ങളിലും അഴിമതിയിലും പ്രതിഷേധിച്ചും ആഗസ്ത് ഒന്നു മുതൽ 14 വരെ പാർടിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തിൽ ജനലക്ഷങ്ങളാണ് അണിനിരന്നത്. കേരളത്തിലും ത്രിപുരയിലും സൃഷ്ടിച്ച മനുഷ്യചങ്ങല ഐതിഹാസികമായി. പശ്ചിമബംഗാളിലും ഇതര സംസ്ഥാനങ്ങളിലും വൻ ജനമുന്നേറ്റമുണ്ടായി.മോഡി സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം ഉയർന്ന അഴിമതിയാരോപണങ്ങൾ അഴിമതിയെ ചെറുക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വ്യക്തമാക്കി.

ഇക്കാലത്ത് ഒട്ടേറെ വർഗീയസംഘർഷങ്ങളും ലഹളകളുമുണ്ടായി.വർഗീയ ധ്രുവീകരണം ശക്തമാക്കി തെരഞ്ഞെടുപ്പ്, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുകയെന്ന ബിജെപിയുടെ യഥാർഥ അജണ്ടയാണ് മറനീക്കിയത്. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വർഗീയ സംഘർഷങ്ങൾ വർധിച്ച തോതലായി.ഭീകരാക്രമണങ്ങളുടെ പേരിൽ സമുദായത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്ന വിധത്തിൽ മുസ്ലിങ്ങൾക്കെതിരായ കടന്നാക്രമണം ശക്തമായി. ഹിന്ദുത്വഭീകരാക്രമണ കേസുകളിൽ ബിജെപി സർക്കാർ മൃദുസമീപനവുമാണ് സ്വീകരിക്കുന്നത്. ഏതു ഭീകരപ്രവർത്തനമായാലും അതിനു ഉത്തരവാദികളാരെന്ന് നോക്കാതെ ഉറച്ച നടപടി എടുക്കുകയാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടത്. ഭീകരതയോടുള്ള സർക്കാർ സമീപനത്തിൽ അവരുടെ വർഗീയ പ്രത്യയശാസ്ത്രത്തിന്റെ നിറം കലർത്തുന്നു. ഇന്ത്യപാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചർച്ച അവസാന നിമിഷം ഉപേക്ഷിച്ചത് ദൗർഭാഗ്യകരമാണ്. സമഗ്രമായ സംഭാഷണപ്രക്രിയ വഴി മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും അതിർത്തിസംഘർഷം ലഘൂകരിക്കാനും കഴിയൂ.

ബിഹാറിൽ ഇടതുപാർടികൾ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി. ബിജെപിയെ പരാജയപ്പെടുത്തുക, ജാതീയശക്തികളെയും അവരുടെ ജനവിരുദ്ധനയങ്ങളെയും ചെറുക്കുക, ഇടതുപ്രാതിനിധ്യം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിഹാറിൽ മത്സരിക്കുക.

ഇടതുപാർടികളുടെ പരിപാടി പ്രഖ്യാപിക്കാൻ സെപ്തംബർ ഏഴിനു സംയുക്ത കൺവൻഷൻ ചേരുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.രാജ്യത്ത് ദളിതർ നേരിടുന്ന പാർശ്വവൽക്കരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഡോ. ബി ആർ അംബേദ്കറുടെ 125ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന 21ാം പാർടി കോൺഗ്രസിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി ആവർത്തിച്ചു.
http://www.deshabhimani.com/news-national-all-latest_news-494529.html 

No comments:

Post a Comment